ഗാസിയാബാദ് :10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബന്ധു ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുവായ പ്രിയാൻഷു, സുഹൃത്തുക്കളായ രാജ് കുമാർ, ആകാശ് എന്നിവരാണ് പിടിയിലായത്. തന്‍റെ അമ്മാവനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മകനെ സുഹൃത്തുക്കളുമായി ചേർന്ന് കടത്തിയതെന്ന് പ്രിയാൻഷു മൊഴി നൽകി.
വെള്ളിയാഴ്‌ചയാണ് (15.04.2022) കേസിനാസ്‌പദമായ സംഭവം. ഏപ്രിൽ 12ന് മകനെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് ഖോഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്‌പി ദീക്ഷ ശർമ പറഞ്ഞു. അന്വേഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് പ്രിയാൻഷുവിനോടൊപ്പമാണെന്ന് തെളിഞ്ഞു.
തുടർന്ന് പ്രിയാൻഷുവിനെയും സുഹൃത്തുക്കളെയും വ്യാഴാഴ്‌ച അറസ്റ്റ് ചെയ്യുകയായിരുന്നു. അതേദിവസം തന്നെ കുത്തേറ്റ പാടുകളോടെ കുട്ടിയുടെ മൃതദേഹം കുട്ടിയുടെ കണ്ടെടുത്തതായി എസ്‌പി പറഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രിയാൻഷു, അമ്മാവനിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുക്കാൻ സുഹൃത്തുക്കളുമായി ചേർന്ന് കുട്ടിയെ കടത്താൻ പദ്ധതിയിട്ടതായി പൊലീസിനോട് വെളിപ്പെടുത്തി.