ബംഗളൂരു:10 ദിവസം നീണ്ടുനിന്ന ദസ്റ ഉത്സവം വെള്ളിയാഴ്‌ചയോടു കൂടി അവസാനിച്ചെങ്കിലും മൈസൂർ കൊട്ടാരം അടുത്ത ഒന്‍പത് ദിവസത്തേയ്ക്ക് അലങ്കാര ബള്‍ബുകളാല്‍ തിളങ്ങും. ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രാത്രികാലങ്ങളില്‍ കൊട്ടാരം പ്രകാശിപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശിച്ചിരിക്കുന്നത്. വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ജംമ്പോ സവാരിയെന്ന ആനകളുടെ ഘോഷയാത്രയോടെയാണ് ദസ്‌റ ചടങ്ങുകൾ അവസാനിച്ചത്.
750 കിലോഗ്രാം സ്വർണത്തില്‍ നിര്‍മിച്ച അമ്പാരി
സുരക്ഷ സേനയുടെ മാര്‍ച്ച് പാസ്റ്റ്, കുതിര മാര്‍ച്ച് തുടങ്ങിയവയും മൈസൂര്‍ കൊട്ടാര പരിസരത്ത് നടന്ന ഘോഷയാത്രയില്‍ അണിനിരന്നു. കൊവിഡ് സുരക്ഷാമാനദണ്ഡം കണക്കിലെടുത്ത് സന്ദർശകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ പരിമിതമായ പാസുകളാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയത്. ഇക്കാരണം കൊണ്ട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആളുകളുടെ എണ്ണം താരതമ്യേനെ കുറവായിരുന്നു.