ന്യൂഡൽഹി:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ നിന്ന് വാങ്ങുന്ന 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇന്ത്യയിലേക്കെത്തിക്കാനായി ലോഡ് ചെയ്തതായി ഗയാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഓഗസ്‌റ്റ് എട്ടിന് ക്രൂഡോയിൽ ഇന്ത്യയിലെത്തും.
ഇന്തോ-ഗയാന സാമ്പത്തിക ബന്ധത്തിലെ സുപ്രധാന നേട്ടം എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തത്. ക്രൂഡ് സോഴ്‌സിങ് വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെയും ഇന്ത്യൻ ഓയിലിന്‍റെയും വലിയ നടപടിയാണിതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ALSO READ:സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഗയാനയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നത്. ഗയാനയിൽ നിന്ന് എണ്ണ വാങ്ങുന്ന ആദ്യ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനിയുമാണ് ഇന്ത്യൻ ഓയിൽ. നേരത്തേ എച്ച്.പി.സി.എൽ-മിത്തൽ എനർജി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ഗയാനീസ് എണ്ണ വാങ്ങിയിരുന്നു.
ക്രൂഡോയിൽ വില വർദ്ധന സംബന്ധിച്ച് സൗദി അറേബ്യ നയിക്കുന്ന ഒപെക് രാഷ്‌ട്രങ്ങളുമായുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നാണ് സൂചന. സൗദിയിൽ നിന്നുള്ള ഇറക്കുമതി മാസങ്ങൾക്ക് മുമ്പ് ഇന്ത്യ കുറച്ച് അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയിരുന്നു.
ALSO READ:ഇറാന്‍ എണ്ണക്ക് പകരം ഗയാന എണ്ണ ലക്ഷ്യമിട്ട് ഇന്ത്യ
ഉപഭോഗത്തിന്‍റെ 80-85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മുന്തിയപങ്ക് ഇറക്കുമതിയും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞവർഷം ജൂണിൽ ബാരലിന് 40 ഡോളറിന് താഴെയായിരുന്ന ബ്രെന്‍റ് ക്രൂഡ് വില ഇപ്പോഴുള്ളത് 75 ഡോളറിന് മുകളിലാണ്.