ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് രോഗികളില്‍ 0.46 ശതമാനം പേര്‍ വെന്‍റിലേറ്ററിലാണെന്നും 2.31 ശതമാനം ഐസിയുകളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. നിലവില്‍ 4.51 ശതമാനം രോഗികള്‍ ഓക്‌സിജന്‍ പിന്തുണയോടെയാണ് കഴിയുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ മരണ നിരക്ക് ക്രമാനുഗതമായി കുറയുന്നതായും നിലവില്‍ 1.28 ശതമാനമാണ് മരണ നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സാഹചര്യം വിലയിരുത്തുകയാണ് മന്ത്രിമാരുടെ സംഘം. വരും ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും യോഗത്തില്‍ ചര്‍ച്ച നടന്നു.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 149 ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 14 ദിവസത്തിനിടെ 8 ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെ യ്‌തിട്ടില്ല. 21 ദിവസത്തിനിടെ മൂന്ന് ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 9,43,34,262 ഡോസ് കൊവിഡ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തത്. 24 മണിക്കൂറിനിടെ 36,91,511 ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു.
ആരോഗ്യ പ്രവര്‍ത്തകരില്‍ 89 ലക്ഷത്തിലധികം പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 54 ലക്ഷത്തിലധികം പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്‌തു. ഇതുവരെ 98 ലക്ഷത്തിലധികം മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്‌തു. 45 ലക്ഷത്തിലധികം പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ വിതരണവും പൂര്‍ത്തിയാക്കി.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.31ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 1,31,968 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി ഉയര്‍ന്നു.